തിരുവനന്തപുരം: ട്രാക്കിലും ഫീല്‍ഡിലും മലപ്പുറവും പാലക്കാടും തമ്മില്‍ പോരാട്ടം തുടരുന്നതോടെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അത്ലറ്റിക്സില് ചാമ്പ്യന്‍ പട്ടം ആര്‍ക്കെന്നറിയാന്‍ കാത്തിരിപ്പ് അവസാന ദിനത്തിലേക്ക്.
18 ഇനങ്ങളുടെ ഫൈനല്‍ നടക്കാന്‍ ബാക്കിയുള്ളപ്പോള്‍ മലപ്പുറവും പാലക്കാടും തമ്മില്‍ 23 പോയിന്റുകളുടെ വ്യത്യാസം മാത്രം. 17 സ്വര്‍ണവും 25 വെള്ളിയും 23 വെങ്കലവും ഉള്‍പ്പെടെ 190 പോയിന്റുമായി മലപ്പുറം ഒന്നാമത്.
പോയിന്റു പട്ടികയില്‍ രണ്ടാമതെങ്കിലും സ്വര്‍ണക്കുതിപ്പില്‍ മുന്നിലാണ് പാലക്കാട്. 21 സ്വര്‍ണവും 13 വെള്ളിയും എട്ടു വെങ്കലവുമായി 167 പോയിന്റുമായി പാലക്കാട് രണ്ടാംസ്ഥാനത്തുള്ളപ്പോള് ഒന്‍പത് സ്വര്‍ണവും ഒന്‍പതു വെള്ളിയും ആറു വെങ്കലവുമായി 81 പോയിന്റോടെ കോഴിക്കോടാണ് മൂന്നാമത്.
ചാമ്പ്യന്‍ സ്കൂളാകാന്‍ ഐഡിയൽ
കൊച്ചി സ്കൂള്‍ മീറ്റിലെ ചാമ്പ്യന്‍ സ്കൂളായ കടകശേരി ഐഡിയലും തിരുനാവായ നാവാമുകുന്ദയും തമ്മിലാണ് ഇക്കുറി ചാമ്പ്യന്‍ സ്കൂളിനുവേണ്ടിയുള്ള പോരാട്ടം. തങ്ങളുടെ കുത്തക നിലനിര്‍ത്തായി ഐഡിയല്‍ ശ്രമിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം അധികാരികളുടെ പിശകുമൂലം ഉണ്ടായ ചില തര്‍ക്കത്തില്‍ മൂന്നാം സ്ഥാനത്തിനുള്ള ട്രോഫി സ്വീകരിക്കാതെ കണ്ണീരോടെ കൊച്ചിയില്‍ നിന്നും മടങ്ങിപ്പോയതിന്റെ പ്രതികാരം വീട്ടാനായി നാവാമുകുന്ദയും അവസാന ദിനത്തെ മത്സരത്തിന് അണിനിരക്കുമ്പോള്‍ പോരാട്ടത്തിന് വീര്യമേറും. ഏഴു സ്വര്‍ണവും ഒന്‍പത് വെള്ളിയും എട്ടു വെങ്കലവുമായി 70 പോയിന്റുമായി കടകശേരി ഐഡിയല്‍ കുതിപ്പു തുടരുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള തിരുനാവായ നാവാമുകുന്ദയ്ക്ക് ഏഴു സ്വര്‍ണം ആറു വെള്ളി ആറു വെങ്കലം എന്നിവ ഉള്‍പ്പെടെ 49 പോയിന്റ്.
ജിവി രാജയുടെ ഏകാധിപത്യം
സ്പോര്‍ട്സ് സ്കൂളുകളില്‍ ജിവി രാജയുടെ സമ്പൂര്‍ണ ആധിപത്യമാണ്. ആറു സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 48 പോയിന്റോടെ തിരുവനന്തപുരം ജിവി രാജ സ്കൂള്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള കൊല്ലം സായ്ക്ക് ഒരു സ്വര്‍ണവും ഒരു വെള്ളിയുമായി എട്ടു പോയിന്റ്.
അത്ലറ്റിക്സില് 11 റിക്കാര്‍ഡുകള്‍
സംസ്ഥാന സ്കൂള്‍ മീറ്റിന് ഇന്നു തിരശീല വീഴാനിരിക്കെ ഇന്നലെ വരെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ കടപുഴകിയത് 11 റിക്കാര്‍ഡുകള്‍. ഇന്നലെ സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കണ്ണൂര്‍ മമ്പറം ഹൈസ്കൂളിലെ ബി.കെ. അന്‍വിക പുത്തന്‍ റിക്കാര്‍ഡിന് അവകാശിയായി. 11.31 മീറ്റര്‍ ദൂരം ഷോട്ട് പായിച്ചാണ് അന്‍വിക തന്റെ പേര് റിക്കാര്‍ഡ് ബുക്കില്‍ കുറിപ്പിച്ചത്.
ഞായറാഴ്ച 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിരുവനന്തപുരം ജിവി രാജ സ്കൂളിലെ ശ്രീഹരി കരിക്കന്‍ 0:54.14 സമയത്തില്‍ ഫിനിഷ് ചെയ്ത് റിക്കാര്‍ഡിന് ഉടമയായി. കഴിഞ്ഞ വര്‍ഷം എട്ടു റിക്കാര്ഡുകള്ക്കാണ് കൊച്ചി മഹാരാജാസ് സ്റ്റേഡിയം വേദിയായത്. ഇക്കുറി അത് മറികടന്നു.
ജൂണിയര്‍ ആണ്‍കുട്ടികളുടെ 100, 200 മീറ്ററുകളില്‍ റിക്കാര്‍ഡുകള്‍ സ്വന്തമാക്കിയ ടി.എം. അതുല്‍ മീറ്റിലെ ഏക ഇരട്ട റിക്കാര്‍ഡിന് അവകാശിയായി.
സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ ജെ. നിവേദ് കൃഷ്ണ, അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ എ.കെ. മുഹമ്മദ് സുല്‍ത്താന്‍, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സി.കെ ഫസല്‍ ഹക്ക് ജൂണിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ദേവനന്ദ വി. ബിജു, ഡിസ്കസ് ത്രോയില്‍ ടി. സോനാ മോഹന്‍, സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ എസ്. ആന്വിസ്, 100 മീറ്ററില്‍ ദേവപ്രിയ ഷൈബു എന്നിവര്‍ റിക്കാര്‍ഡിന് അവകാശികളായി.
18 ഫൈനലുകള്‍ കൂടി ഇന്നു നടക്കുമ്പോള്‍ കൂടുതല്‍ റിക്കാര്‍ഡുകള്‍ക്ക് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുമോ എന്നറിയാം.